സ്ത്രീകള്‍ക്ക് വിശ്രമത്തിനും രാത്രിയില്‍ സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍

സ്ത്രീകള്‍ക്ക് വിശ്രമത്തിനും രാത്രിയില്‍ സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള്‍
വിവിധ ആവശ്യങ്ങള്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്ക്ക് വിശ്രമത്തിനും രാത്രിയില് സുരക്ഷിത താമസത്തിനും സംസ്ഥാനത്ത് ഷീ ലോഡ്ജുകള് സ്ഥാപിക്കാന് തീരുമാനിച്ചു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലായിരിക്കും ഷീ ലോഡ്ജുകള് സ്ഥാപിക്കുക. അതിന്റെ നടത്തിപ്പ് കുടുംബശ്രീയെയോ മറ്റ് ഏജന്സികളെയോ ഏല്പ്പിക്കും. ഷീ ലോഡ്ജുകള്ക്ക് ആവശ്യമായ കെട്ടിടം നിര്മിക്കുന്നതിനും നിലവിലുള്ള കെട്ടിടങ്ങള് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കുന്നതിനും തദ്ദേശഭരണസ്ഥാപനങ്ങള്ക്ക് തുക വകയിരുത്താവുന്നതാണ്. ഷീ ലോഡ്ജുകളുടെ നടത്തിപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ബന്ധപ്പെട്ട ഏജന്സിയും തമ്മില് ഉണ്ടാക്കുന്ന കരാറിന്റെ അടിസ്ഥാനത്തിലായിരിക്കും.
ഷീ ലോഡ്ജുകളില് കുറഞ്ഞത് എട്ട് കിടക്കയെങ്കിലും ഉണ്ടാകണം. ഡോര്മിറ്ററികളോ പ്രത്യേക മുറികളോ ആകാം. ശുചിമുറികള് വൃത്തിയുള്ളതായിരിക്കണം. വൃത്തിയുള്ള അടുക്കള, ശുദ്ധജലം, ടിവി, ഫ്രിഡ്ജ്, വൈഫൈ മുതലായ സൗകര്യങ്ങള് ഉണ്ടായിരിക്കണം. എല്ലാ സ്ഥലവും കവര് ചെയ്യുന്ന സിസിടിവി ക്യാമറകള് സ്ഥാപിക്കണം.
ജില്ലാതലത്തില് ഷീ ലോഡ്ജിന്റെ നടത്തിപ്പിന് ജില്ലാ കലക്ടര്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്ഥാപന സെക്രട്ടറി, കുടുംബശ്രീ ജില്ലാമിഷന് കോര്ഡിനേറ്റര് എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കും