ശശിധരന് ഇനി മരുന്ന് മുടങ്ങില്ല

ശശിധരന് ഇനി മരുന്ന് മുടങ്ങില്ല
ആലപ്പുഴ: കിടപ്പുരോഗിയായ ശശിധരനു ഇനി ആവശ്യമായ മരുന്നുകള്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുതന്നെ ലഭിക്കും. കാര്‍ത്തികപ്പള്ളി താലൂക്കിനായി നടത്തിയ ജില്ല കളക്ടറുടെ ഒന്നാംഘട്ട പരാതി പരിഹാര ഓണ്‍ലൈന്‍ അദാലത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നട്ടെല്ലിലെ ശസ്ത്രക്രിയയെത്തുടര്‍ന്ന് വലതുകാലിന് സ്വാധീനം നഷ്ടപ്പെട്ട് കിടപ്പിലായ ആറാട്ടുപുഴ കള്ളിക്കാട് ഇടശ്ശേരിക്കാട്ടില്‍ ശശിധരനു (59) വേണ്ട ചില മരുന്നുകള്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ കിട്ടാത്തത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. അദാലത്തിലൂടെ ആ പ്രശ്‌നത്തിന് പരിഹാരമായി. ആറാട്ടുപുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലൂടെ മരുന്നുകള്‍ പ്രത്യേകമായി ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അദാലത്തില്‍ വ്യക്തമാക്കി. ഭാര്യയും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്നതാണ് ശശിധരന്റെ കുടുംബം. ശശിധരന്‍ കിടപ്പിലായതോടെ, പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുടുംബം വരുമാനമില്ലാത്ത നിലയിലാണ്. മരുന്നിനുപോലും പണമില്ലാത്ത സ്ഥിതിയില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് കഴിഞ്ഞുകൂടുന്നത്. കിടപ്പുരോഗികള്‍ക്ക് സൗജന്യമായി മരുന്ന് ലഭിക്കുന്നതിന് ആറാട്ടുപുഴ പഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം മുഖേനയുള്ള പാലിയേറ്റിവ് പരിചരണ പദ്ധതിയില്‍ ശശിധരനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശശിധരന്‍ ഡോക്ടര്‍ നിര്‍ദേശിച്ച മരുന്നുകളില്‍ ഒരെണ്ണം മാത്രമാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ലഭ്യമായിരുന്നുള്ളൂ. ആ സ്ഥിതിക്കാണ് അദാലത്തിലൂടെ പരിഹാരം ഉണ്ടാകുന്നത്. ഒരിനം മരുന്ന് ഉടന്‍ ലഭ്യമാക്കും. മറ്റൊരിനം മരുന്ന് ഇവിടെ നിന്ന് ലഭ്യമാക്കുന്നതിന് ഇന്റന്റ് നല്‍കും. ചെറുതന മാതിരംപള്ളി/പെരുമാങ്കര പമ്പാനദി തീരത്തെ താമസക്കാര്‍ക്ക് തീരം ഇടിയുമെന്ന ആശങ്കയും ഭയവും കൈവിടാം. മാതിരംപള്ളി പാലത്തിന് വടക്കുവശം നദീതീരത്ത് താമസിക്കുന്ന പതിനൊന്ന് കുടുംബങ്ങളുടെ പരാതിക്ക് അദാലത്തില്‍ പരിഹാരം കണ്ടു. നദിയില്‍ ഒഴുക്ക് ശക്തമാകുമ്പോള്‍ തീരമിടിഞ്ഞ് രണ്ടു സെന്റ്, നാലുസെന്റ് ഭൂമിയിലെ താമസക്കാരായ, ഒട്ടും സാമ്പത്തിക സ്ഥിതിയില്ലാത്ത തങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നതിന് പരിഹാരം കാണണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇവരുടെ ആവശ്യത്തിനനുസരിച്ചുള്ള പ്രവൃത്തി ഏറ്റെടുത്ത് പിച്ചിംഗ് കെട്ടാന്‍ ചെറുതന ഗ്രാമപഞ്ചായത്തിന്റെ ശുഷ്‌കമായ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നതല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പിച്ചിംഗ് കെട്ടുന്നതില്‍ റീബില്‍ഡ് കേരള, മേജര്‍ ഇറിഗേഷന്‍ വകുപ്പ് എന്നിവയുടെ ഇടപെടല്‍ അദാലത്തില്‍ ഉറപ്പാക്കി. ചിങ്ങോലി ഭാരതിയില്‍ വീട്ടില്‍ ലതിക ബാലകൃഷ്ണന്റെ കുടിവെള്ള ബില്ലിലെ അപാകത പരിഹരിച്ച,് ഭീമമായബില്‍തുക കുറച്ചുനല്‍കുമെന്ന് ജല അതോറിറ്റി അധികൃതര്‍ അദാലത്തില്‍ വ്യക്തമാക്കി. 2019 മേയ് നാലുമുതല്‍ ഇതുവരെ 1,84,244 രൂപയുടെ ബില്ലാണ് ലതികയ്ക്ക് ലഭിച്ചത്. വെള്ളക്കരം പുനര്‍നിര്‍ണയിക്കുമെന്നും ജല അതോറിറ്റി അറിയിച്ചു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത ഹരിപ്പാട് മണ്ണാറ പഴഞ്ഞി തെക്കേതില്‍ കുമാരിയുടെ സങ്കടങ്ങള്‍ തീര്‍ക്കാന്‍ അദാലത്തില്‍ നടപടികള്‍ക്ക് തുടക്കമായി. ഭര്‍ത്താവും മകനും മരിച്ചുപോയ കുമാരി പന്ത്രണ്ടുവര്‍ഷമായി വിവിധയിടങ്ങളില്‍ വാടകയ്ക്ക് താമസിച്ചുവരികയാണ്. വീട്ടുജോലി ചെയ്താണ് കഴിഞ്ഞുകൂടുന്നത്. കുമാരിക്ക് ഉടന്‍ വിധവാപെന്‍ഷന്‍ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. നേരത്തെ റേഷന്‍ കാര്‍ഡില്ലാതിരുന്നതിനാല്‍ ഉള്‍പ്പെടാതെപോയ പുനരധിവാസ പദ്ധതിയുടെ പുതിയ പട്ടികയില്‍ കുമാരിയെ പരിഗണിക്കാനും നടപടിയുണ്ടാകും.