കലക്ടര്‍ ഫെയ്സ്ബൂക്കിലൂടെ വിളിച്ചു : പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിയത് നൂറു കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍

കലക്ടര്‍ ഫെയ്സ്ബൂക്കിലൂടെ വിളിച്ചു : പരീക്ഷാകേന്ദ്രങ്ങളിലേക്ക് എത്തിയത് നൂറു കണക്കിന് സന്നദ്ധപ്രവര്‍ത്തകര്‍

ആലപ്പുഴ : കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ നടന്ന കേരള എന്‍ട്രന്‍സ് പരീക്ഷ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കാനായതിനു പിന്നില്‍ ഒരു കൂട്ടം സന്നദ്ധ പ്രവര്‍ത്തകരുടെ സഹായവമുണ്ട്.  ജില്ലയില്‍  20 പരീക്ഷാ കേന്ദ്രങ്ങളിലായി ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം പരീക്ഷാ നടത്തിപ്പിനെ നോക്കിക്കണ്ടത്. ഈ  കോവിഡ് - നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പുറമെ നിന്നും സന്നദ്ധ പ്രവര്‍ത്തകരുടെ സഹായം കലക്ടര്‍ എ. അലക്സാണ്ടര്‍ ജില്ലാ കളക്ടറുടെ ഫെയിസ്ബുക്ക് പേജിലൂടെ അഭ്യര്‍ഥിച്ചത്. 

 

കളക്ടറുടെ സമൂഹ മാധ്യമം വഴിയുള്ള സഹായ അഭ്യര്‍ത്ഥന പൂര്‍ണ മനസോടെ കൂടിയാണ് ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുത്തത്. 10 മണിക്ക് ആരംഭിക്കുന്ന പരീക്ഷയ്ക്കായി ഇവര്‍ 8 മണിയോടെ തന്നെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തി. തുടര്‍ന്ന് സാമൂഹിക അകലം പാലിച്ചു നിന്ന വിദ്യാര്‍ഥികളെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കുകയും ഹാന്‍ഡ് സാനിറ്റിസെര്‍ നല്‍കിയുമാണ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഏറെ ആശങ്കള്‍ക്കിടയില്‍ എസ്. എസ്. എല്‍. സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ നടത്തുകയും അവയുടെ മൂല്യ നിര്‍ണ്ണയം കാലതാമസം കൂടാതെ പൂര്‍ത്തീകരിച്ചു ഫലപ്രഖ്യാപനം നടത്തുകയും ചെയ്ത സംസ്ഥാന സര്‍ക്കാര്‍ കോവിഡ് വ്യാപനം അതിന്റെ മൂന്നാമത്തെ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയത്ത് ഇത്തരത്തില്‍ വീണ്ടുമൊരു വെല്ലുവിളി ഏറ്റെടുത്തു നടത്തുമ്പോള്‍ ഇത്തരത്തില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കുന്ന കൈത്താങ്ങ് അതിനു കൂടുതല്‍ കരുത്തേകുന്നു.