കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊന്നാനിയില്‍ സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍  പൊന്നാനിയില്‍  സ്പീക്കറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

പൊന്നാനിയിലെ കോവിഡ് വ്യാപന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷണന്റെ അധ്യക്ഷതയില്‍  വീഡിയോ കോണ്‍ഫറസ് വഴി യോഗം ചേര്‍ന്നു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ സജ്ജീകരണങ്ങളും ജീവനക്കാരെയും ഉറപ്പു വരുത്തും. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പട്ടാമ്പിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും അടക്കും. ലോക്ക് ഡൗണ്‍ കാലാവധി 23 ന് തീരുന്നതിനു മുമ്പ് തുടര്‍ നടപടികള്‍ക്കായി ഗൈഡ് ലൈന്‍ തയ്യാറാക്കാന്‍ ജില്ലാ ദുരന്ത നിവാരണ സമിതിക്ക് സ്പീക്കര്‍ നിര്‍ദേശം നല്‍കി. 
    കടല്‍ക്ഷോഭത്തില്‍ വീടുകളില്‍ വെള്ളം കയറി താമസ യോഗ്യമല്ലാത്തവരെ സുരക്ഷിതമായി മാറ്റി പാര്‍പ്പിക്കാനും ആവശ്യമായ സൗകര്യങ്ങളൊരുക്കാനും യോഗത്തില്‍  തീരുമാനിച്ചു. ക്വാറന്റൈയിനില്‍ കഴിയുന്നവരുണ്‍െങ്കില്‍ അവര്‍ക്ക് പ്രത്യേകം ഷെല്‍ട്ടറുകള്‍ ഒരുക്കണമെന്നും സ്പീക്കര്‍ നിര്‍ദ്ദേശിച്ചു. 
    വെളിയങ്കോട് കിഴക്ക്പടിഞ്ഞാറ് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങള്‍ അടച്ചത് പുന:പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അക്ഷയ സെന്ററുകള്‍ തുറക്കുന്ന കാര്യവും പരിഗണിക്കും. തീരദേശ സൗജന്യ റേഷന്‍ പൊന്നാനി നഗരസഭയുടെ മുഴുവന്‍ പ്രദേശങ്ങളിലും  നല്‍കാനും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്  നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
     യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജില്ലാ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡി.വൈ.എസ്.പി സുരേഷ് ബാബു, നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം ആറ്റുണ്ണി തങ്ങള്‍, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.പി മോഹന്‍ദാസ്, തഹസില്‍ദാര്‍ വിജയന്‍, താലൂക്കിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗവ. താലൂക്ക് ആശുപത്രി സൂപ്രണ്‍് ഡോ. ഷാജ് കുമാര്‍, താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസര്‍, പി എച്ച് സി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.