തദ്ദേശ വോട്ടർ പട്ടിക - ഇന്ന് (ഒക്‌ടോബർ 31) കൂടി പേര് ചേർക്കാം

തദ്ദേശ വോട്ടർ പട്ടിക - ഇന്ന് (ഒക്‌ടോബർ 31) കൂടി പേര് ചേർക്കാം

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വോട്ടർപട്ടികയിൽ പേര്  ചേർക്കുന്നതിനുളള അപേക്ഷകളും മറ്റ് ആക്ഷേപങ്ങളും ഇന്ന് (ഒക്‌ടോബർ 31) കൂടി സമർപ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.
കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പേര് ചേർക്കുന്നതിനുളള ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പും ഫോട്ടോയും പതിച്ച് സ്‌കാൻ ചെയ്ത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് ഇ-മെയിൽ ആയോ നേരിട്ടോ/ആൾവശമോ ലഭ്യമാക്കാം. ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗ് നടത്തുന്നതിനും സൗകര്യമുണ്ട്.
വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾക്കും ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോ കോൾ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം.  
31 വരെ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് സപ്ലിമെന്ററി പട്ടികകൾ നവംബർ 10-ന് പ്രസിദ്ധീകരിക്കും.