കൊച്ചി നഗരത്തിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കമായി

കൊച്ചി നഗരത്തിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കമായി

കൊച്ചി സ്മാർട്ട് മിഷന്റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം ചെയ്തു.
കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും പദ്ധതി പ്രയോജനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക നഗരമായ കൊച്ചി സമഗ്രമാറ്റത്തിന്റെ അരങ്ങായി മാറുന്നു. വിവിധ ഗതാഗത സംവിധാനങ്ങൾ കോർത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവയ്പു കൂടിയാണിത്. കൊച്ചി റെയിൽ മെട്രോയുടെ ആദ്യഘട്ടം പൂർത്തിയായി. വാട്ടർ മെട്രോ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.
കൊച്ചിയിലെ 21 പ്രധാന ജംഗ്ഷനുകളിലാണ് ഇന്റലിജന്റ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം പ്രവർത്തിക്കുക. 27 കോടി രൂപ ചെലവിൽ കെൽട്രോൺ മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് 35 കേന്ദ്രങ്ങളിലാണ് നൂതന ക്യാമറകൾ സ്ഥാപിച്ചത്. വാഹന തിരക്ക് അനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന വഹിക്കിൾ ആക്ടിവേറ്റഡ് സിഗ്‌നൽ സംവിധാനം, റോഡ് മുറിച്ചു കടക്കുന്നവർക്ക് സ്വയം പ്രവർത്തിപ്പിക്കാവുന്ന പെലിക്കൻ സിഗ്‌നൽ സംവിധാനം, സ്പീഡ് ലിമിറ്റ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, റെഡ് ലൈഫ് വയലേഷൻ ഡിറ്റക്ഷൻ സിസ്റ്റം, ഓട്ടോമാറ്റിക് നമ്പർപ്‌ളേറ്റ് റെക്കഗ്‌നിഷൻ സിസ്റ്റം തുടങ്ങി ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുന്നതാണ് പദ്ധതി. റവന്യു ടവറിലെ കൺട്രോൾ സെന്ററിലാണ് നിരീക്ഷണം. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെ കൺട്രോൾ റൂമിലാവും കമാൻഡ് സെന്റർ പ്രവർത്തിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.